ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്‌ത് അതിർത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ഇറാനിൽ നിന്ന് നൂറുപേരടങ്ങുന്ന സംഘം അർമേനിയ വഴി അതിർത്തി കടന്നിട്ടുണ്ട്.
കഴിഞ്ഞദിവസം ഇറാന്റെ തലസ്‌ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്‌ചാത്തലത്തിലാണ് ജോർദാൻ, ഈജിപ്‌ത് അതിർത്തികൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. 25,000ത്തോളം ഇന്ത്യക്കാർ ഇസ്രയേലിലുണ്ട്.
ടെൽ അവീവിലെ ഇന്ത്യൻ എംബസി ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇരുരാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ ടെഹ്‌റാൻ വിടണമെന്ന നിർദ്ദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു.
ടെഹ്റാനിൽ വിവിധ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ അർമേനിയൻ അതിർത്തിയിൽ എത്തിച്ചത്. ഇവിടെ നിന്നും വിമാനത്തിൽ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. യുഎഇ വഴിയും വിദ്യാർഥികളെ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരെ ടെഹ്റാനിൽ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ സംസാരിച്ചിരുന്നു.
3000ത്തോളം വിദ്യാർഥികൾ ഉൾപ്പടെ 20,000ത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു.
ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖ നഗരമായ ഹൈഫയിലും പ്രാദേശിക സമയം തിങ്കളാഴ്‌ച പുലർച്ചെ നാലോടെ ഇറാൻ നടത്തിയ ബാലിസ്‌റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. നൂറോളം പേർക്ക് പരിക്കേറ്റു. ഇറാൻ റവല്യൂഷണറി ഗാർഡ് കോറിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് സേനയുടെ പത്ത് കമാൻഡ് സെന്ററുകളിൽ ഇസ്രയേൽ ബോംബിട്ടു.
ആക്രമണത്തിൽ രഹസ്യാന്വേഷണ വിഭാഗം മേധാവി ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് കസേമി ഉൾപ്പടെ നാല് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച മുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ വ്യക്‌തമാക്കി. 1400ഓളം പേർക്ക് പരിക്കേറ്റു. അതിനിടെ തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു.
ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി. ടെൽ അവീവിൽ നിന്നും ജനങ്ങൾ പിൻമാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ