ചെന്നൈ: ഇംഗ്ളണ്ടിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് പാതിവഴിയിൽ പോലും എത്താൻ കഴിഞ്ഞില്ല. ഒൻപത് വിക്കറ്റുകൾ കൈയിൽ ഇരിക്കെ അവസാന ദിവസത്തെ അൽഭുതം പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് നിരാശയായിരുന്നു ഫലം.
ആന്‍ഡേഴ്സണിന്റെയും ലീച്ചിന്റെയും ബൗളിംഗാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യൻ നിരയിൽ നായകൻ കോഹ്ലിയും, ഗില്ലും മാത്രമാണ് അർധസെഞ്ചുറി നേടിയത്. സ്കോര്‍: ഇംഗ്ളണ്ട്-578 & 178, ഇന്ത്യ-337 & 192. ലീച്ച് നാല് നിർണായക വിക്കറ്റുകളാണ് നേടിയത്. ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ടാണ് കളിയിലെ താരം.
39/1 എന്ന നിലയില്‍ അഞ്ചാംദിനം ആരംഭിക്കുമ്പോള്‍ ശുഭ്മാന്‍ ഗില്ലും, ചേതേശ്വർ പൂജാരയുമായിരുന്നു ക്രീസിൽ. എന്നാൽ അധികം വൈകാതെ പൂജാര പുറത്തായി. പിന്നീട് സ്കോറിംഗ് ഉയർത്താനുള്ള ഗില്ലിന്റെ ശ്രമം ഫലം കണ്ടില്ല.
അർധസെഞ്ചുറി നേടിയതിന് പിന്നാലെ ഗില്ലും പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിജയത്തോടെ ഇംഗ്ളണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ സജീവമാക്കി.എന്നാൽ ആദ്യ ടെസ്റ്റ് തോറ്റതോടെ ഇന്ത്യക്ക് പരമ്പരയിലെ ശേഷിക്കുന്ന മൽസരങ്ങൾ നിർണായകമാവും.
Read Also: വിജയ് ഹസാരെ ട്രോഫി; കേരളത്തെ സച്ചിൻ ബേബി നയിക്കും, ശ്രീശാന്ത് ടീമിൽ







































