ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇതിനായി സമിതിയെ നിയോഗിച്ചു.
ഡോക്‌ടർമാരുടെ സംഘടനകൾക്കും സംസ്‌ഥാന സർക്കാരിനും സമിതിക്ക് മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. എന്നാൽ, സമിതിയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യം കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് വിലയിരുത്തൽ. ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി ഡോക്‌ടർമാർ പണിമുടക്കി പ്രതിഷേധിക്കുന്നുണ്ട്.
പണിമുടക്കുന്ന ഡോക്‌ടർമാർ പൊതുജന താൽപര്യാർഥം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐഎംഎ 24 മണിക്കൂർ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് നിയമം കൊണ്ടുവരണമെന്നും എല്ലാ ആശുപത്രികളെയും ആരോഗ്യ സ്‌ഥാപനങ്ങളെയും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
കേരളത്തിലും സമരം ശക്‌തമാണ്. വിവിധ ആശുപത്രികളിൽ പ്രവർത്തനം താറുമാറായി. ഡോക്‌ടർമാർ ഇന്ന് രാവിലെ ആറുമുതൽ നാളെ രാവിലെ ആറുവരെയാണ് പണിമുടക്കി പ്രതിഷേധിക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപി സേവനം മുടങ്ങി. മിക്കയിടത്തും നേരത്തെ നിശ്‌ചയിച്ച ശസ്‌ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. പഠന കേന്ദ്രങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്‌ടർമാർ വിട്ടുനിൽക്കും.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Most Read| വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം