ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നീക്കത്തിന് തിരിച്ചടിയുമായി ഇന്ത്യ. ഏപ്രിൽ 30 മുതൽ മേയ് 23 വരെ പാക്ക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. ഇതോടെ, പടിഞ്ഞാറൻ അതിർത്തിയിൽ അത്യാധുനിക ജാമിങ് സംവിധാനങ്ങളും ഇന്ത്യ വിന്യസിച്ചു.
പാക്കിസ്‌ഥാൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്ന ഗ്ളോബൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്‌റ്റം (ജിഎൻഎസ്എസ്) സിഗ്‌നലുകളെ തടസപ്പെടുത്തുന്നതിനായാണ് ഇന്ത്യ ജാമിങ് സംവിധാനങ്ങൾ വിന്യസിച്ചത്. ഇന്ത്യൻ നീക്കം പാക്ക് വിമാനങ്ങളുടെ ദിശാ നിർണയശേഷിയും ആക്രമണശേഷിയും ഗണ്യമായി കുറയ്‌ക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
ജിപിഎസ് (യുഎസ്), ഗ്ളോനാസ് (റഷ്യ), ബെയ്‌ഡൗ (ചൈന) എന്നിവയുൾപ്പടെ ഒന്നിലധികം ഉപഗ്രഹാധിഷ്‌ഠിത നാവിഗേഷൻ പ്ളാറ്റുഫോമുകളിൽ തടസങ്ങൾ സൃഷ്‌ടിക്കാൻ ഇന്ത്യൻ ജാമിങ് സംവിധാനങ്ങൾക്ക് കഴിയും. ഇവയെല്ലാം പാക്കിസ്‌ഥാൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്‌തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജല കരാർ മരവിപ്പിച്ചതുൾപ്പടെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാക്കിസ്‌ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമമേഖല അടച്ച് ഇന്ത്യയും പ്രതിരോധം കടുപ്പിച്ചത്. പാക്കിസ്‌ഥാൻ എയർലൈൻസ് വിമാനങ്ങൾക്കും പാക്കിസ്‌ഥാനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാകിസ്‌ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമില്ല.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ