പാക്കിസ്‌ഥാന്റെ നാല് വ്യോമതാവളങ്ങൾ തകർത്ത് ഇന്ത്യ; അതിർത്തിയിൽ ഡോഗ് ഫൈറ്റ്

പാക്കിസ്‌ഥാനിലെ റാവൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിലാണ് ഇന്ത്യയുടെ ആക്രമണം ഉണ്ടായതെന്ന് പാക്കിസ്‌ഥാൻ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്‌ഥാൻ വ്യോമപാത പൂർണമായി അടച്ചു.

By Senior Reporter, Malabar News
India-pak border issue
Ajwa Travels

ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. നാല് പാക്ക് വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തു. കശ്‌മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്‌പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ട് യുദ്ധ വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്ന പാക്കിസ്‌ഥാന്റെ സൈനിക ലോഞ്ച് പാടുകളും ഇന്ത്യ ആക്രമണത്തിൽ തകർത്തു. പാക്കിസ്‌ഥാനിലെ റാവൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിലാണ് ഇന്ത്യയുടെ ആക്രമണം ഉണ്ടായതെന്ന് പാക്കിസ്‌ഥാൻ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്‌ഥാൻ വ്യോമപാത പൂർണമായി അടച്ചു.

ഇസ്‌ലാമാബാദിൽ നിന്നും പത്ത് കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്‌ഫോടനത്തെ തുടർന്ന് നുർഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്‌ഥാൻ മാദ്ധ്യമങ്ങൾ പുറത്തുവിടുമെന്നാണ് വിവരം. എന്നാൽ, ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. ചക്‌വാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാക്കിസ്‌ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിൽ ഒന്നാണ്.

നിലവിൽ എല്ലാ വ്യോമഗതാഗതവും പാക്കിസ്‌ഥാൻ നിർത്തിവെച്ചിരിക്കുകയാണ്. ഡ്രോൺ അക്രമണങ്ങൾക്കായി യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാകിസ്‌ഥാൻ വ്യോമാതിർത്തി അടച്ചത്. കഴിഞ്ഞദിവസം രാത്രി ഇന്ത്യയുടെ 36 സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വ്യോമാതിർത്തി അടച്ച് പാക്കിസ്‌ഥാന്റെ നീക്കം.

വടക്ക് ലേ മുതൽ തെക്ക് സിർ ക്രീക്ക് വരെയുള്ള സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യംവെച്ചാണ് പാക്കിസ്‌ഥാൻ ശക്‌തമായ ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ, ഇന്ത്യ ശക്‌തമായി പ്രതിരോധിച്ചു. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകൾ കൃത്യമായി തകർക്കുകയായിരുന്നു. 36 കേന്ദ്രങ്ങളിലായി 300 മുതൽ 400 വരെ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്‌ഥാന്റെ ആക്രമണ ശ്രമം.

അതിനിടെ, ജമ്മു കശ്‌മീർ, രാജസ്‌ഥാൻ, പഞ്ചാബ് അതിർത്തി മേഖലകളിൽ പാക്ക് പ്രകോപനം തുടരുകയാണ്. കശ്‌മീരിലെ രജൗരിയിൽ പാക്കിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മു കശ്‌മീർ അഡീഷണൽ ഡിസ്‌ട്രിക്‌ട് ഡവലപ്പ്‌മെന്റ് കമ്മീഷണർ രാജ്‌കുമാർ ഥാപ്പ കൊല്ലപ്പെട്ടു. പാക്ക് പ്രകോപനം തുടരുന്ന പശ്‌ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ രാവിലെ പത്തരയ്‌ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അതേസമയം, ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് സ്‌ഫോടന ശബ്‌ദം കേട്ടതായി വിവരമുണ്ട്. ഇവിടെ ഡ്രോണുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പഞ്ചാബിലെ ഫിറോസ്‌പുരിലും പാക്കിസ്‌ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജനവാസ മേഖലയിൽ ഡ്രോൺ പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം. അതിനിടെ, ഇന്ത്യയിലെ 32 വിമാനത്താവളങ്ങൾ ഈ മാസം 14 വരെ താൽക്കാലികമായി അടച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Most Read| ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE