ന്യൂഡെൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്‌റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു.
ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമമാർഗവും ഒഴിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയ ലിങ്ക് വഴി രജിസ്‌റ്റർ ചെയ്യണം. ജോർദാൻ, ഈജിപ്‌ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക. ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇറാനിൽ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞദിവസമാണ് ഡെൽഹിയിലെത്തിയത്.
ടെഹ്റാനിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥി സംഘമാണ് നാട്ടിലെത്തിയത്. ഇതിൽ 90 പേരും കശ്‌മീരികളാണ്. അർമീനിയൻ തലസ്‌ഥാനമായ യെരവാൻ വഴിയാണ് സംഘത്തെ നാട്ടിലെത്തിച്ചത്. ഇറാനിലെയും അർമീനിയയിലെയും എംബസികളുടെ മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്.
Most Read| 73.25% പോളിങ്; നിലമ്പൂരിൽ ആര് വാഴും ആര് വീഴും? വിധിയറിയാൻ ഇനി മൂന്നുനാൾ