ന്യൂഡെൽഹി: വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ-പാക്ക് അതിർത്തികൾ ശാന്തം. ജമ്മു കശ്‌മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്നലെ രാത്രി അതിർത്തി മേഖലകൾ ശാന്തമായിരുന്നു. രാജസ്‌ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളിൽ എവിടെയും പാക്ക് ഷെല്ലാക്രമണയോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
അതിനിടെ, ഇന്ത്യ-പാക്ക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽമാർ ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് ചർച്ച നടത്തുന്നുണ്ട്. ചർച്ചയിൽ നിന്ന് പാക്കിസ്‌ഥാൻ പിൻമാറില്ലെന്നാണ് സൂചന. സംഘർഷ സാഹചര്യത്തിൽ അടച്ച 32 വിമാനത്താവളങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചർച്ചയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും. നിലവിൽ 14 വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.
സംഘർഷമുണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വെടിനിർത്തൽ ധാരണ ലംഘിച്ച് പ്രകോപനമുണ്ടായാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്‌തമാക്കിയിട്ടുണ്ട്. അതിർത്തികളിലും ഇന്ത്യ കനത്ത ജാഗ്രത തുടരുന്നുണ്ട്.
ഭീകരവാദത്തോട് വിട്ടുവീഴ്‌ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്‌തമായി തിരിച്ചടിക്കുമെന്നുമാണ് സേനകൾ വ്യക്‌തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം നേരത്തെ നടത്തിയ ചർച്ചയിലും ഇന്ത്യ ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും സേന അറിയിച്ചിരുന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ