വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്‌ഥാനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ടെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
ഇരു രാജ്യങ്ങളും പരസ്‌പരം ആക്രമിച്ചാൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിലേക്ക് നയിക്കും. കശ്‌മീർ പ്രശ്‌നപരിഹാരത്തിനായി ഇരുരാജ്യങ്ങളുമായി സംസാരിക്കും. ഇന്ത്യയും പാക്കിസ്‌ഥാനുമായി കൂടുതൽ വ്യാപാരത്തിൽ ഏർപ്പെടുത്താൻ താൻ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു.
”ചർച്ച ചെയ്‌തിട്ടില്ലെങ്കിലും ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ ഗണ്യമായി വർധിപ്പിക്കാൻ പോവുകയാണ്. കശ്‌മീരുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാനും ഞാൻ ശ്രമിക്കാം. ഇന്ത്യയുടേയും പാക്കിസ്‌ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ”- ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുഎസിന്റെ മധ്യസ്‌ഥതയിലുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാക്കിസ്‌ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് എക്‌സിൽ കുറിച്ചിരുന്നു. പിന്നാലെ, ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ വെടിനിർത്തൽ സ്‌ഥിരീകരിക്കുകയും ചെയ്‌തു. എന്നാൽ, ഇന്ത്യ യുഎസിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്‌ഥ ശ്രമം പരാമർശിക്കാതെയാണ് വെടിനിർത്തൽ കരാർ സ്‌ഥിരീകരിച്ചത്.
പാക്ക് മിലിട്ടറി ഓപ്പറേഷൻ ഡിജിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്നും യുഎസ് ഉൾപ്പടെയുള്ള മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. പിന്നീട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ എക്‌സ് പോസ്‌റ്റിലും യുഎസ് മധ്യസ്‌ഥ ശ്രമത്തെപ്പറ്റി പരാമർശിച്ചിരുന്നില്ല.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!