ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംയമനം പാലിച്ച ഇന്ത്യക്ക് നേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാകിസ്ഥാന് കനത്ത തിരിച്ചടി. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത വ്യോമാക്രമണം തുടരുകയാണ്.
പുലർച്ചെ ജമ്മുവിൽ അപായ സൈറൺ മുഴങ്ങിയതിന് പിന്നാലെ സമ്പൂർണ ബ്ളാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാങ്ങൾ പ്രവർത്തിപ്പിച്ച് ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു. ഉറിയിൽ പാക്ക് വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്.
വിദേശകാര്യ മന്ത്രാലയം രാവിലെ വാർത്താ സമ്മേളനം നടത്തും. പാക്ക് ഭീകരതാവളങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി പാക്കിസ്ഥാൻ വ്യോമാക്രമണത്തിന് മുതിർന്നത്. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകളും വിമാനങ്ങളും ഇന്ത്യ വെടിവെച്ചിടുകയായിരുന്നു.
ഇതിനിടെ, ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി. ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. അതിനിടെ, കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന.
അതേസമയം, പാക്കിസ്ഥാനിൽ സൈനിക മേധാവി അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായും സൂചനയുണ്ട്. സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങൾക്കായി അസിം മുനീർ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനിൽ വിമർശനമുയർന്നിരുന്നു. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതിനിടെ, അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. രണ്ട് പാക്കിസ്ഥാൻ പൈലറ്റുമാരെ ഇന്ത്യ പിടികൂടിയിട്ടുണ്ട്. രാജസ്ഥാനിലെ ജെയ്സാൽമേറിൽ നിന്നും കശ്മീരിലെ അഖ്നൂരിൽ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. നേരത്തെ, പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. എഫ്-16, എഫ്-17 വിമാനങ്ങളാണ് സൈന്യം തകർത്തത്.
പാക്ക് വ്യോമാക്രമണം നേരിടാൻ എസ്-400, എൽ-70, സു-23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാൻകോട്ട്, ഉധംപുർ സൈനിക താവളങ്ങളിൽ പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടത്തിയെന്നും എന്നാൽ, ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇതിനിടെ, ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മൽസരങ്ങൾ ദുബായിലേക്ക് മാറ്റി.
Most Read| സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ








































