ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചതിന് പിന്നാലെ ശക്‌തമായ പാക്ക് പ്രകോപനം. ഇന്ത്യ-പാക്കിസ്‌ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക്ക് ഡ്രോണുകൾ എത്തിയത്. എല്ലാ ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു.
പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയിൽ പാക്ക് ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനി ആറ് സർവീസുകൾ റദ്ദാക്കി. ജമ്മു, അമൃത്‌സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
പുതിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കുകയാണെന്ന് ഇൻഡിഗോ സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ വ്യക്‌തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. ജമ്മു, ലേ, ജോധ്പുർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർഇന്ത്യയും റദ്ദാക്കി.
രാത്രി അതിർത്തി കടന്നെത്തിയ ഏതാനും ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. പിന്നീട് ഡ്രോണുകൾ എത്തിയിട്ടില്ലെന്നാണ് സൈന്യം നൽകുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്‌തമാക്കി.
ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് അടച്ചിട്ടതിന് ശേഷം ഇന്നലെ ഉച്ചയ്‌ക്ക് തുറന്ന അമൃത്‌സർ വിമാനത്താവളത്തിൽ ഡെൽഹിയിൽ നിന്നെത്തിയ ആദ്യ സർവീസ് മേഖലയിൽ വിളക്കുകൾ വച്ചുള്ള ബ്ളാക്ക് ഔട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇറക്കാനായില്ല. വൈകീട്ട് എട്ടിന് ഡെൽഹിയിൽ നിന്നുപോയ ഇൻഡിഗോ വിമാനം 9.26ന് ഡെൽഹിയിൽ തന്നെ തിരിച്ചിറക്കേണ്ടി വന്നു. സംഘർഷത്തിന് പിന്നാലെ അടച്ച 32 വിമാനത്താവളങ്ങളും ഇന്നലെയാണ് തുറന്നത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’