ന്യൂഡെൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ 32 വിമാനത്താവളങ്ങളും തുറന്നു. ഈ മാസം 15 വരെയായിരുന്നു നിയന്ത്രണം. ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
യാത്രക്കാർ വിമാനങ്ങളുടെ ലഭ്യതയും സർവീസും സംബന്ധിച്ച വിവരങ്ങൾക്ക് വിമാന കമ്പനി അധികൃതരെ നേരിട്ട് സമീപിക്കുകയും അവരുടെ വെബ്‌സൈറ്റ് വഴിയുള്ള അപ്‌ഡേറ്റുകൾ പരിശോധിക്കുകയും വേണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്‌സർ, ലുധിയാന, കുളു-മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്‌സാൽമേർ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്‌ഥാനങ്ങളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചിട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നു.
അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്‌സർ, ചണ്ഡീഗഡ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ ഫ്‌ളൈറ്റുകൾ 15 വരെ റദ്ദാക്കിയിരുന്നു. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതുമൂലം ഡെൽഹി വിമാനത്താവളങ്ങളിൽ തിരക്കേറുകയും ചെയ്‌തു.
പാക്കിസ്‌ഥാനുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ആദ്യം 24 വിമാനത്താവളങ്ങളായിരുന്നു അടച്ചത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇത് 32 ആയി ഉയർന്നു. അതേസമയം, യാത്രക്കാർ നേരത്ത എത്തണമെന്ന നിബന്ധനയിൽ മാറ്റമില്ല. ചെക്ക് ഇൻ ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം. ചെക്ക് ഇൻ ഗേറ്റുകൾ 75 മിനിറ്റ് മുന്നേ അടയ്‌ക്കും.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ