ന്യൂഡെൽഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
2019ൽ അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള ഊർജ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലികമായി ഇളവ് നൽകിയതിനെ തുടർന്നാണ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നത്.
ഇറാനിൽ നിന്നുള്ള ഈ എൽപിജി കാർഗോ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ കമ്പനികൾ പങ്കിട്ട് എടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു. ഒരു വ്യാപാരി വഴിയാണ് ഇത് വാങ്ങിയതെന്നും രൂപയിൽ പണം നൽകാനാണ് തീരുമാനമെന്നും വിവരമുണ്ട്.
ഇറാനിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്ത് എത്തിയിരുന്നു. ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ വിതരണം തടസപ്പെട്ടത് ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്.
ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പാചകവാതക പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിടുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിൽ കുറവ് ഉണ്ടാകാതിരിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്.
Most Read| 269 പത്രികകൾ തള്ളി, 985 സ്ഥാനാർഥികൾ; പത്രിക പിൻവലിക്കാൻ നാളെ വരെ സമയം






































