ന്യൂഡെൽഹി: പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടർന്ന് ഇന്ത്യ. റഷ്യയിൽ നിന്ന് നിലവിൽ ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഏപ്രിൽ മാസത്തെ വിതരണത്തിനായി ഏകദേശം ആറുകോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ വാങ്ങികൂട്ടിയത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം തടസപ്പെട്ടത് ഇന്ത്യയെ റഷ്യൻ വിപണിയിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 12ന് മുൻപ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അമേരിക്ക നൽകിയ പ്രത്യേക ഇളവാണ് ഇന്ത്യക്ക് ഗുണകരമായത്.
ഇതോടെ റഷ്യൻ എണ്ണ വാങ്ങുമ്പോൾ യുഎസ് ഉപരോധമോ അധിക നികുതിയോ ഇന്ത്യ നേരിടേണ്ടി വരില്ല. നേരത്തെ, അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് റഷ്യൻ എന്ന ഒഴിവാക്കിയിരുന്ന മാംഗളൂർ റിഫൈനറി, ഹിന്ദുസ്ഥാൻ മിത്തൽ എനർജി തുടങ്ങിയ കമ്പനികൾ വീണ്ടും റഷ്യൻ വിപണിയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
റഷ്യയെ കൂടാതെ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വെനസ്വേലയിൽ നിന്ന് ഏപ്രിൽ മാസത്തിൽ 80 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ട്. സാധ്യമായ എല്ലാ സ്രോതസുകളിൽ നിന്നും എണ്ണയും ഗ്യാസും ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്ജെൻഡർ ബിൽ പാസാക്കി







































