ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്‌ജമെന്ന് റിപ്പോർട്. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടൻ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി.
കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എപി സിങ്ങും നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഇരുവരും നടത്തിയ വെവ്വേറെ കൂടിക്കാഴ്‌ചകളിലാണ് പാക്കിസ്‌ഥാനെതിരെ സൈനിക നടപടികൾക്ക് സേനാ വിഭാഗങ്ങൾ സജ്‌ജമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്.
ഇതിനിടെ, അതിവേഗ ആക്രമണത്തിന് വ്യോമസേന റഫാൽ പോർ വിമാനങ്ങൾ സജ്‌ജമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റഫാൽ പോർ വിമാനങ്ങളിൽ നിന്ന് സ്‌കാൽപ്പ്, മീറ്റിയോർ, ഹാമ്മർ മിസൈലുകൾ ലക്ഷ്യസ്‌ഥാനത്തേക്ക് തൊടുക്കാൻ കഴിയും. 450 കിലോ പോർമുന വഹിച്ച് 300 കിലോമീറ്റർ ദൂരത്തിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് റഫാലിൽ നിന്ന് തൊടുക്കാൻ കഴിയുന്ന എയർ-ടു ഗ്രൗണ്ട് സ്‌കാൽപ്പ് മിസൈലുകൾ.
നാവികസേനയും തിരിച്ചടിക്ക് സജ്‌ജമായി അറേബ്യൻ കടലിൽ യുദ്ധ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. സമുദ്ര പട്രോളിങ് വിമാനങ്ങളും കപ്പൽ സഹായക വിമാനങ്ങളുമുള്ള വെസ്‌റ്റേൺ ഫ്‌ലീറ്റിന്റെ എല്ലാ പ്രവർത്തനക്ഷമമായ മുൻനിര യുദ്ധക്കപ്പലുകളും കടലിൽ ഉണ്ടെന്നാണ് റിപ്പോർട്.
അതിനിടെ, സുരക്ഷാ സേനയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്‌ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിന് മുകളിൽ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ








































