ന്യൂഡെൽഹി: പാക്കിസ്‌ഥാൻ വിഷയത്തിൽ തുർക്കിയോട് നിലപാട് വ്യക്‌തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പാക്കിസ്‌ഥാനെ പ്രേരിപ്പിക്കാൻ തുർക്കി തയ്യാറാകണമെന്ന് വിദേശകാര്യ വക്‌താവ് രൺദീപ് ജയ്സ്വാൾ ആവശ്യപ്പെട്ടു.
തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യക്കെതിരെ പാക്കിസ്‌ഥാൻ ആക്രമണശ്രമം നടത്തിയത്. ഇതിന് തുർക്കി നിർമിത വസ്‌തുക്കളും ബേക്കറി ഉൽപ്പന്നങ്ങളും നിരോധിച്ച് ഇന്ത്യയിലെ വ്യാപാരി സമൂഹം മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം തുർക്കിയോടുള്ള നിലപാട് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാന്റെ നിലപാടുകളെ തുർക്കി പിന്തുണച്ചത് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു. ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന പാക്കിസ്‌ഥാനെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും, പാക്ക് സൈന്യം ഉൾപ്പടെ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ വിശ്വസനീയമായ നടപടികളെടുക്കാനും തുർക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രൺദീപ് ജയ്സ്വാൾ പറഞ്ഞു.
”അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ തുർക്കി പാക്കിസ്‌ഥാനെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി അവർ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരെ വിശ്വസനീയമായ നടപടികൾ സ്വീകരിക്കാനുള്ള നടപടികൾ ഉണ്ടാകണം. ബന്ധങ്ങൾ നിലനിൽക്കുന്നത് പരസ്‌പര വിശ്വാസത്തിലാണ്”- രൺദീപ് ജയ്സ്വാൾ കൂട്ടിച്ചേർത്തു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!