സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റ് വിജയമാണ് സിഡ്‌നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യയെത്തി. 69 പന്തുകൾ ബാക്കി നിൽക്കെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ തലയെടുപ്പോടെ സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങി.
ആദ്യ രണ്ട് മൽസരങ്ങളിലും ജയിച്ച ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. സൂപ്പർ താരങ്ങളായ രോഹിത് ശർമ സെഞ്ചറിയും വിരാട് കോലി അർധ സെഞ്ചറിയും നേടി പുറത്താകാതെ നിന്നു. 125 പന്തുകളിൽ 13 ഫോറുകളും മൂന്ന് സിക്‌സുകളും ഉൾപ്പടെ 121 റൺസാണ് രോഹിത് നേടിയത്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിതിന്റെ 50ആം സെഞ്ചറിയാണിത്. ഏകദിന ഫോർമാറ്റിൽ 33 സെഞ്ചറികൾ.
81 പന്തുകൾ നേരിട്ട വിരാട് കോലി ഏഴ് ഫോറുകൾ ഉൾപ്പടെ 74 റൺസടിച്ചു. ക്യാപ്റ്റൻ ഗില്ലിനെ നഷ്‌ടമായെങ്കിലും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ മൂന്നാം മൽസരത്തിൽ രോഹിത്-കോലി സഖ്യം ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. രോഹിത് ശർമയാണ് കളിയിലെയും പരമ്പരയിലെയും താരം. 26 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 46.4 ഓവറിൽ 236 റൺസടിച്ച് പുറത്തായി. മാറ്റ് റെൻഷോ ആതിഥേയർക്കായി അർധ സഞ്ചറി നേടി. 58 പന്തുകൾ നേരിട്ട റെൻഷോ 56 റൺസടിച്ചാണ് പുറത്തായത്. മിച്ചൽ മാർഷ് (50 പന്തിൽ 41) മാത്യു ഷോർട്ട് (41 പന്തിൽ 30), ട്രാവിസ് ഹെഡ് (25 പന്തിൽ 29), അലക്‌സ് ക്യാരി (37 പന്തിൽ 24) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറർമാർ.
Most Read| കോട്ടുവായിട്ട ശേഷം വായ അടയ്‌ക്കാനായില്ല; എന്താണ് ഈ അവസ്‌ഥ?





































