അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം, ആദ്യമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യ വിജയത്തേരിലേറിയാണ് മടങ്ങുന്നത്.
പരമ്പരയിലെ മൂന്ന് മൽസരങ്ങളും ജയിച്ച ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഇനി. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ളണ്ട് 214ന് ഓൾ ഔട്ടായി. ഇന്ത്യ 142 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. സെഞ്ചറി നേടിയ ശുഭ്‌മാൻ ഗില്ലാണ് കളിയിലെ താരം. പരമ്പരയിൽ ഇന്ത്യ 3-0ന് മുന്നിലെത്തി.
ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ളണ്ട് ഓപ്പണർമാരായ ഫിലിപ് സാൾട്ടും ബെൻ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ടീം ആറ് ഓവറിൽ 60 റൺസിലെത്തി. പിന്നാലെ ബെൻ ഡക്കറ്റ് പുറത്തായി. 22 പന്തിൽ നിന്ന് 34 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാൾട്ടിനെയും (23) പുറത്താക്കി അർഷ്‌ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്‌ത്തി.
പിന്നീടിറങ്ങിയവരെ ഒന്നൊന്നായി വേഗത്തിൽ കളത്തിലിൽ നിന്നിറക്കി ഇന്ത്യൻ ബൗളർമാർ ടീമിനെ വിജയത്തിലെത്തിച്ചു. ഇന്ത്യക്കായി അർഷ്‌ദീപ് സിങ്, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യ നിശ്‌ചിത 50 ഓവറിൽ 356 റൺസിന് പുറത്തായിരുന്നു.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?