ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായുള്ള പ്രകോപന പ്രസ്‌താവനകൾക്ക് മറുപടിയുമായി ഇന്ത്യ. ഇനിയും പ്രകോപനമുണ്ടാക്കിയാൽ പാക്കിസ്‌ഥാന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആഭ്യന്തര പരാജയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് പാക്കിസ്‌ഥാൻ ഇന്ത്യക്കെതിരെ പ്രസ്‌താവനകൾ നടത്തുന്നതെന്നും മന്ത്രാലയം വ്യക്‌തമാക്കി. യുഎസ് സന്ദർശന വേളയിൽ ഇന്ത്യയെ വെല്ലിവിളിച്ച് അസിം മുനീർ നടത്തിയ പ്രസ്‌താവനകൾക്കാണ് ഇന്ത്യയുടെ മറുപടി.
”ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷകരമായ പ്രസ്‌താവനകൾ പാക്കിസ്‌ഥാനിൽ നിന്ന് തുടരെത്തുടരെ ഉണ്ടാകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ കണ്ടു. സ്വന്തം പരാജയങ്ങൾ മറച്ചുപിടിക്കാനുള്ള പാക്കിസ്‌ഥാന്റെ പ്രവർത്തന രീതിയാണിത്”- വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഞങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്നായിരുന്നു അസിം മുനീറിന്റെ ഭീഷണി. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അത് നിർമിച്ച് കഴിയുമ്പോൾ പത്ത് മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ലെന്നും അസിം മുനീർ പറഞ്ഞിരുന്നു.
Most Read| ഇന്ത്യക്കുമേൽ ഇനിയും അധിക തീരുവ ചുമത്തിയേക്കും; യുഎസ് ട്രഷറി സെക്രട്ടറി