ന്യൂയോർക്ക്: അമേരിക്കൻ ഇന്ത്യൻ വംശജയായ സ്വാതി വർഷ്ണെയ്, (Swati Varshney) സ്കൈ ഡൈവിങ്ങിൽ ചരിത്രമാകാൻ ഒരുങ്ങുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 42.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കാനൊരുങ്ങുകയാണ് താരം. ഭൂമിയുടെ അന്തരീക്ഷത്തിലെ സ്ട്രോറ്റോസ്ഫിയർ എന്ന മേഖലയിൽ നിന്നാണ് സ്കൈ ഡൈവിങ്. സ്വകാര്യ കമ്പനിയായ ഹേര പ്രോജക്ട് ഓഫ് റൈസിംഗ് യുണൈറ്റഡ് ആണ് ഇതിന് അവസരമൊരുക്കിയിരിക്കുന്നത്.
സ്വാതി ഉൾപ്പടെ മൂന്ന് പേരാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ശാസ്ത്ര, സാങ്കേതിക മേഖലയിലെ സ്ത്രീ ശാക്തീകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. പരിശോധനകൾക്കും പരിശീലനങ്ങൾക്കും ശേഷം 2025ലായിരിക്കും സ്കൈ ഡൈവിങ്. ഭൂമിയുടെ അന്തരീക്ഷത്തെ അഞ്ചു മേഖലയായാണ് തിരിക്കുന്നത്. ട്രോപ്പോസ്ഫിയർ (സമുദ്രനിരപ്പിൽ നിന്ന് 12 കിലോമീറ്റർ വരെ), സ്ട്രോറ്റോസ്ഫിയർ (12 കി.മീ മുതൽ 50 കി.മീ വരെ), മെസോസ്ഫിയർ (50 കി.മീ മുതൽ 80 കി.മീ വരെ), തെർമോസ്ഫിയർ (80 കി.മീ മുതൽ 700 കി.മീ വരെ), എക്സോസ്ഫിയർ (700 കി.മീ മുതൽ 10000 കിമീ വരെ).
ഇതിൽ സ്ട്രോറ്റോസ്ഫിയർ ആണ് ചാട്ടത്തിനായി ഹേര കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിലൂടെ നാല് റെക്കോർഡുകളും ചാടുന്നയാൾക്ക് സ്വന്തമാക്കാനാകും. മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി നേടിയ ആളാണ് സ്വാതി വർഷ്ണെയ്. 1200ൽ അധികം തവണ ഉയരത്തിൽ നിന്ന് ചാടി നേട്ടങ്ങൾ സ്വന്തമാക്കിയയാളാണ് സ്വാതി. എലെയ്ന റോഡ്രിഗസ്, ഡയാന വാലേറിൻ ജിമാനെസ് എന്നിവരാണ് അന്തിമപട്ടികയിൽ എത്തിയ മറ്റുള്ളവർ.
Most Read| 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!








































