ടെഹ്‌റാൻ: ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളെ തിരികെ അയക്കാൻ ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്. ഇറാനിൽ 1500ലേറെ ഇന്ത്യൻ വിദ്യാർഥികളാണ് അനിശ്‌ചിതത്വത്തിൽ കഴിയുന്നത്. ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, സംഘർഷം തുടരുന്ന സാഹചര്യത്തിൽ കരമാർഗം മടങ്ങാനാണ് വിദ്യാർഥികളോട് ഇറാൻ ആവശ്യപ്പെട്ടത്.
ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്നലെ അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകൾ. ഇന്ത്യൻ പൗരരോട് വ്യക്‌തിവിവരങ്ങൾ സമർപ്പിക്കാൻ എംബസി അറിയിച്ചു. എക്‌സ് അക്കൗണ്ടിൽ പൂരിപ്പിക്കാനുള്ള ഫോം ഉണ്ട്.
അതേസമയം, ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ എംബസി അധികൃതർ അറിയിച്ചു. സ്‌ഥിതി സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂർ ഹെൽപ്‌ലൈനും പ്രവൃത്തിക്കുന്നുണ്ട്. വിദ്യാർഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യൻ പൗരരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രയേൽ അധികൃതരുടെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. ഹെൽപ്‌ലൈൻ നമ്പറുകൾ: +989128109115, +989128109109.
Most Read| തകരാറുകൾ പരിഹരിച്ചു; ആക്‌സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം