ന്യൂഡെൽഹി: യുദ്ധം രൂക്ഷമാകുന്നതിനിടെ കിഴക്കൻ യുക്രൈനിൽ നിന്ന് വിദ്യാർഥികൾ രാജ്യത്ത് എത്തി തുടങ്ങി. രക്ഷാദൗത്യത്തിനായി യുക്രൈനിലെ ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് ഹാർകീവിൽ നിന്നെത്തിയ വിദ്യാർഥികൾ പറഞ്ഞു. സുമിയിൽ കുടുങ്ങിയ വിദ്യാർഥികളെ ഒഴിപ്പിക്കാൻ ശ്രമം തുടരുകയാണ്. തങ്ങൾ സ്വന്തം നിലയ്‌ക്കാണ് അതിർത്തി കടന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, യുക്രൈനിൽ ഇന്റേൺഷിപ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് നാട്ടിൽ സൗകര്യം ഒരുക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്‌തമാക്കി. യുദ്ധം വലിയ നാശം വിതച്ച കിഴക്കൻ യുക്രൈനിലെ ഹാർകീവിൽ നിന്നാണ് വിദ്യാർഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി തുടങ്ങിയത്.
ഹാർകീവിൽ സ്‌ഥിതി ഭയാനകമാണെന്ന് പറഞ്ഞ വിദ്യാർഥികൾ അതിർത്തി കടക്കുന്നത് വരെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചില്ലെന്നും ആരോപിച്ചു. 16 വിമാനങ്ങളിലായി 4000ത്തോളം പേരാണ് ഇന്ന് രാജ്യത്ത് മടങ്ങിയെത്തുന്നത്. വ്യോമസേനാ വിമാനങ്ങളടക്കം 55ലേറെ വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായത്. രക്ഷാദൗത്യം പൂർത്തിയാകുന്നത് വരെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം തുടരുമെന്ന് എംബസി വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: ബ്രഹ്‌മാണ്ഡ ചിത്രവുമായി മണിരത്‌നം; ‘പൊന്നിയിൻ സെൽവൻ’ റിലീസ് പ്രഖ്യാപിച്ചു