കീവ്: റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യക്കാരോട് ഉടൻ തന്നെ ഖാർകീവ് വിടാൻ മുന്നറിയിപ്പ് നൽകി എംബസി. ഖാർകീവിൽ നിന്നും പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
യുക്രൈനിലെ ഖാർകീവിൽ ഇന്നലെ മുതൽ ശക്‌തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് യുക്രൈൻ പ്രാദേശിക സമയം 18.00 മണിയോടെ ഖാർകീവ് വിടാൻ ഇന്ത്യക്കാർക്ക് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്. ഖാർകീവിൽ ഇന്ന് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 112 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി ഖാർകീവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചു.
കീവിലും, ഖാർകീവിലും ശക്‌തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഖാർകീവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യൻ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാർകീവിന് പുറമേ സുമിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഖാർകീവിലും സുമിയിലും ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.
Read also: യുക്രൈനിൽ അട്ടിമറി നീക്കം; സെലൻസ്‌കിയ്‌ക്ക് സ്‌ഥാനം നഷ്‌ടമായേക്കും







































