ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിന് മുൻപ് ഇന്ത്യ പാക്കിസ്‌ഥാനിൽ ബ്രഹ്‌മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയുൾപ്പടെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്‌ഥിരീകരിച്ചത്.
”മേയ് 9നും 10നുമിടയിലുള്ള രാത്രി ഇന്ത്യക്കുനേരെ ആക്രമണം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. പുലർച്ചെ 4.30ഓടെ തിരിച്ചടിക്കാൻ പാക്ക് സൈന്യം തയ്യാറായിരുന്നു. എന്നാൽ, അതിനുമുൻപ് ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പടെ പാക്കിസ്‌ഥാന്റെ വിവിധ പ്രവിശ്യകളിൽ ആക്രമണം നടത്തി”- ഷഹബാസ് ഷെരീഫ് പറഞ്ഞു.
നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്‌ഥിരീകരിച്ചിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയത് സൈനിക മേധാവി അസിം മുനീർ പുലർച്ചെ രണ്ടരയോടെ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ഷഹബാസിന്റെ പ്രതികരണം. നൂർഖാൻ വ്യോമതാവളത്തിൽ ഉൾപ്പടെ ഇന്ത്യ ആക്രമണം നടത്തിയെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’