സൗദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഇന്ദിര ഈഗളപതി. മെഗാ ഗ്ളോബൽ പ്രോജക്‌ട്- റിയാദ് ലോക്കോ പൈലറ്റ് എന്ന പദവിയിലേക്ക് എത്തിയതിന്റെ അഭിമാന നിമിഷത്തിലാണ് ഹൈദരാബാദ് സ്വദേശിനിയായ ഇന്ദിര ഈഗളപതി. നിലവിൽ ട്രയൽ ഘട്ടം നടക്കുന്നതിന്റെ തിരക്കിലാണ് ഇന്ദിര.
33-കാരിയായ ഇന്ദിര ഹൈദരാബാദ് മെട്രോയിൽ ജോലി ചെയ്‌തുകൊണ്ടിരുന്നപ്പോഴാണ് മെഗാ ഗ്ളോബൽ പ്രോജക്‌ടിനെ കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. 2019ൽ ഇന്ദിരയും ഇന്ത്യക്കാരായ മറ്റു രണ്ടുപേരും റിയാദ് മെട്രോയുടെ ഭാഗമായെങ്കിലും കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ആദ്യഘട്ട പരിശീലനം വെർച്വലായി നടത്തേണ്ടി വന്നു. ഇപ്പോൾ ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയാണ്. 2025 തുടക്കത്തിൽ തന്നെ റിയാസ് മെട്രോ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.
ഇതിന് മുൻപ് അഞ്ചുവർഷമായി ലോക്കോ പൈലറ്റായും സ്‌റ്റേഷൻ ഓപ്പറേഷൻ മാസ്‌റ്ററായും ഇന്ദിര ജോലി ചെയ്‌തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ധുള്ളിപ്പള്ള സ്വദേശിയാണ് ഇന്ദിര ഈഗളപതി. ജോലി ആവശ്യങ്ങൾക്കായി 2006 മുതൽ ഹൈദരാബാദിൽ സ്‌ഥിരതാമസമാണ്. സാമ്പത്തികമായി പിന്നാക്ക കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഇന്ദിരക്കും സഹോദരിമാർക്കും മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ പിതാവ് ഏറെ ശ്രദ്ധിച്ചിരുന്നു.
ഇന്ദിര ഈഗളപതിയുടെ സഹോദരിമാരിൽ ഒരാൾ ഹൈദരാബാദ് മെട്രോയിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്നുണ്ട്. ഒരു പ്രവാസി എന്ന നിലയിൽ ലോകത്തിലെ തന്നെ അഭിമാന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണെന്നുമാണ് ഇന്ദിര ഈഗളപതി പറയുന്നത്. ഒരു നല്ല അനുഭവമാണ് തനിക്ക് ലഭിക്കാൻ പോകുന്നതെന്നും ഇന്ദിര പറഞ്ഞു.
സൗദി അറേബ്യയിലെ ജനങ്ങൾ വളരെ സൗഹാർദ്ദപരമാണ്. അതോടൊപ്പം തന്നെ അവരുടെ സംസ്‌കാരവും മികച്ചതാണ്. ഒരു സ്‌ത്രീ എന്ന നിലയിൽ താൻ ഇതുവരെ ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ല. തങ്ങൾക്ക് ഇവിടെ തുല്യ അവസരമുണ്ടെന്നും ലിംഗ വ്യത്യാസമില്ലെന്നും ഇന്ദിര ഈഗളപതി പറഞ്ഞു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’