ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ വിഭാഗം പ്രീ ക്വാർട്ടറിൽ സ്‌പെയിനിന്റെ ക്ളാര അസുർമെൻഡിയെ തകർത്താണ് രണ്ട് തവണ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ സിന്ധു അവസാന എട്ടിലേക്ക് മുന്നേറിയത്. പുരുഷ വിഭാഗത്തിൽ ശ്രീകാന്ത് ലോക ആറാം നമ്പർ താരമായ ജൊനാതൻ ക്രിസ്‌റ്റിയെ അട്ടിമറിച്ചാണ് ക്വാർട്ടറിലെത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക മൂന്നാം നമ്പർ താരമായ സിന്ധു വിജയിച്ചത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടിട്ടും വർധിത വീര്യത്തോടെ തിരിച്ചുവന്ന സിന്ധു തുടർച്ചയായ രണ്ട് സെറ്റുകൾ നേടിക്കൊണ്ട് മൽസരം കൈപ്പിടിയിലാക്കി. സ്‌കോർ: 17-21, 21-7, 21-12. മൽസരം 47 മിനിറ്റോളം നീണ്ടുനിന്നു. ക്വാർട്ടറിൽ തുർക്കിയുടെ നെസ്‌ലിഹൻ യിജിറ്റാണ് സിന്ധുവിന്റെ എതിരാളി.
കെ ശ്രീകാന്തും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ടെങ്കിലും പിന്നീട് തിരിച്ചടിച്ച ശ്രീകാന്ത് മൽസരം വിജയിക്കുക ആയിരുന്നു. സ്‌കോർ: 13-21, 21-18, 21-15. ക്വാർട്ടറിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയോ ലോക രണ്ടാം നമ്പർ താരം വിക്‌ടർ അക്‌സൽസെന്നോ ആയിരിക്കും ശ്രീകാന്തിന്റെ എതിരാളി.
Read Also: നയൻതാര നായികയാകുന്ന പുതിയ ചിത്രം ‘കണക്റ്റ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു