ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. പത്തുവർഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞ് നഷ്ടമായ വേദനയിലാണ് ഇൻഡോറിലെ ബഗീരഥപുരയിലെ സുനിൽ സാഹു- കിഞ്ചൽ ദമ്പതികൾ.
കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടർ കുപ്പിപ്പാൽ നൽകാൻ പറഞ്ഞത്. ഇതിനായി കടയിൽ നിന്ന് വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കൾ പറയുന്നു. അഞ്ചരമാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്.
രണ്ടു ദിവസം മുൻപാണ് കുഞ്ഞിന് അസുഖം അസുഖം ബാധിച്ചത്. തുടർന്ന് ചികിൽസ ഉറപ്പാക്കിയിരുന്നു. എങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞ മരിച്ചു. പൈപ്പ് വെള്ളം ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്ന് സുനിൽ സാഹു പറയുന്നു. മാലിന്യം കലർന്ന കുടിവെള്ളമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തതെന്നാണ് ഇവർ വിശ്വസിക്കുന്നത്.
അതേസമയം, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിൽ മലിനജലം കുടിച്ച് വയറിളക്കം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. മരിച്ചത് നാലുപേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുമ്പോൾ 13 പേർ മരിച്ചതായി പ്രശ്നം ഉണ്ടായ ഭഗീരഥപുരയിലെ ജനങ്ങൾ പറയുന്നു. ഏഴ് മരണമെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവയും പറയുന്നു.
മരണത്തിലെ ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബൈ ഇന്നലെ ഭഗീരഥപുര സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട് അനുസരിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ഓടയിലെ മലിനജലം കലർന്നതാണ് പ്രശ്നമായതെന്ന് കരുതുന്നു. ജലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് പ്രദേശത്ത് ജലവിതരണം പുനഃസ്ഥാപിച്ചു. 1500ഓളം പേരെ മലിനജല പ്രശ്നം ബാധിച്ചതായി കണക്കാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 200 പേരിൽ മിക്കവരും സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി





































