വയനാട്: ജില്ലയിലെ കൽപ്പറ്റ നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. പ്രദേശത്തുള്ള മറ്റ് നായ്‌ക്കളെയും പൂച്ചകളെയും ഈ തെരുവ് നായ കടിച്ചിട്ടുള്ളതിനാൽ അവയ്‌ക്കും പേവിഷബാധ ഏൽക്കാനുള്ള സാധ്യതകൾ സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കും. പേവിഷബാധ സ്‌ഥിരീകരിച്ചതോടെ ഈ നായ കടിച്ച 31 പേർക്കും നിലവിൽ ഐഡിആർവി, ഇർഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ട്.
കൂടാതെ വരും ദിവസങ്ങളിൽ കൽപ്പറ്റ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉള്ള തെരുവ് നായകളെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നഗരം നീളെ തെരുവുനായകൾ നിരന്നുകിടക്കുമ്പോഴും തെരുവുനായ ശല്യത്തിന് പരിഹാരം കാണാനുള്ള പദ്ധതിയൊന്നും നഗരസഭ ആവിഷ്‌കരിച്ചിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്.
ആളുകളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലാണ് നിലവിൽ കൽപ്പറ്റയിൽ തെരുവ് നായകളുടെ ശല്യം വർധിച്ചു വരുന്നത്. മുൻപും സമാന രീതിയിൽ ഒട്ടേറെ ആളുകൾക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു. നിലവിൽ ഇവയുടെ ശല്യം ഒഴിവാക്കുന്നതിനായി ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Also Read: ഡെൽഹി ക്യാംപിൽ കോവിഡ് വ്യാപനം; ഐപിഎൽ മൽസരവേദി മാറ്റി






































