കാസർഗോഡ്: ജില്ലാ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പുതിയ ഓഫീസ് ഉൽഘാടനം ഫെബ്രുവരി 18ന്. വിദ്യാനഗർ കളക്ട്രേറ്റിന് സമീപമാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഇരുനില കെട്ടിടം.
18ന് ഉച്ചക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സംസ്ഥാനത്ത് ഒരു ജില്ലാ ഇൻഫർമേഷൻ ഓഫീസിന് മാത്രമായി നിർമിച്ച ഏറ്റവും വലിയ ആസ്ഥാന മന്ദിരമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2019ലാണ് കെട്ടിടത്തിന് ശിലയിട്ടത്.
ജില്ലയിലെ മാദ്ധ്യമ പ്രവർത്തകരുടെ സേവനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ഓഫീസ് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ വീഡിയോ ലൈബ്രറി, ശബ്ദ നിയന്ത്രണ സംവിധാനമുള്ള പിആർ ചേമ്പർ, പ്രിസം വിഭാഗം എന്നിവ അടങ്ങുന്നതാണ് പുതിയ കെട്ടിടം.
കൂടാതെ, മലയാളത്തിലും കന്നഡയിലുമുള്ള പ്രസ് റിലീസ് വിഭാഗങ്ങൾ, മൊബൈൽ ജേർണലിസം സ്റ്റുഡിയോ, സാങ്കേതിക വിഭാഗം, ഡപ്യൂടി ഡയറക്ടർ, ഇൻഫർമേഷൻ ഓഫീസർ എന്നിവർക്കുള്ള മുറികൾ, മറ്റു ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർക്കുള്ള സംവിധാനങ്ങൾ എന്നിവയും കെട്ടിടത്തിൽ ഉൾപ്പെടുന്നു.
ഉൽഘാടന പരിപാടിയിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം പി, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, എംൽഎമാർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.
Malabar News: പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന് തറക്കല്ലിട്ടു







































