കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലുള്ള ഇൻഫർമേഷൻ സെന്റർ പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കൂടുതൽ ട്രെയിനുകൾ നിലവിൽ ഓടാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രെയിനുകൾ സംബന്ധിച്ച വിവരങ്ങൾക്ക് യാത്രക്കാർക്ക് വ്യക്‌തമായ വിവരം ലഭിക്കാത്ത സ്‌ഥിതിയായി.
മലയോര മേഖലകളിൽ നിന്നും എത്തുന്ന സാധാരണക്കാരായ ആളുകൾക്കാണ് ഇതിന്റെ പ്രവർത്തനം ഏറെ സഹായകമായിരുന്നത്. 24 മണിക്കൂറും സേവനം കിട്ടിയിരുന്ന സെന്ററിന്റെ പ്രവർത്തനം മാസങ്ങൾക്ക് മുൻപാണ് രാത്രികാലങ്ങളിൽ മാത്രമാക്കി കുറച്ചത്. എന്നാൽ രാത്രികാലങ്ങളിൽ മിക്ക സമയത്തും ഇവിടെ ജീവനക്കാർ ഇല്ലെന്ന പരാതി വ്യാപകമാകുന്നുണ്ട്.
4 ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ 2 പേരെ ഇതിനകം ഇവിടെ നിന്നും സ്‌ഥലം മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ആളുകളെ കൂടി സ്‌ഥലം മാറ്റാനുള്ള നീക്കത്തിലാണ് നിലവിൽ റെയിൽവേ അധികൃതർ. സെന്ററിന്റെ പ്രവർത്തനം നിർത്തിയതോടെ ട്രെയിൻ സംബന്ധിച്ച വിവരങ്ങൾ അറിയാൻ റിസർവേഷൻ കൗണ്ടറിൽ തന്നെ അന്വേഷിക്കേണ്ട സ്‌ഥിതിയാണ്. ഇത് ടിക്കറ്റ് കൗണ്ടറിൽ തിരക്ക് രൂക്ഷമാകുന്നതിനും കാരണമാകുന്നുണ്ട്.
Read also: ‘അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം’; കോൺഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു







































