മാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചനെതിരെ പരാതിയുമായി യുവതി. വെള്ളമുണ്ട പാലിയാണ മാന്തട്ടിൽ വിജിതയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്നെയും പട്ടികവർഗ വിഭാഗത്തെയും സ്ത്രീത്വത്തെയും അപമാനിച്ച എൻഡി അപ്പച്ചനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വിജിത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന പട്ടികജാതി-പട്ടിക വർഗ കമ്മീഷനും, എസ്എംഎസ് ഡിവൈഎസ്പിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വെള്ളമുണ്ട ബ്ളോക്ക് ഡിവിഷനിൽ പട്ടികവർഗ വനിതാ സീറ്റിൽ വിജിത തോൽക്കാൻ കാരണം സൗന്ദര്യം ഇല്ലാത്തതിനാലാണെന്നാണ് അപ്പച്ചൻ ആരോപിച്ചത്.
അപ്പച്ചൻ സമ്മേളനത്തിനിടെ പറഞ്ഞതിന് തെളിവ് തന്റെ കൈയ്യിലുണ്ടെന്നും ഈ തെളിവുകൾ വെച്ച് കോൺഗ്രസിനും ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. തുടർന്നാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ വ്യക്തിപരമായും സ്ത്രീത്വത്തെയും അവഹേളിച്ച ഡിസിസി പ്രസിഡണ്ട് രാജിവെക്കണമെന്നും കോൺഗ്രസിൽ തുടരാൻ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നും യുവതി വ്യക്തമാക്കി.
Most Read: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാട്; ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ







































