കോട്ടയം: എംജി സർവകലാശാല പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. ഗാന്ധിനഗർ എസ്‌ഐ സുധി കെ സത്യപാലനെതിരെയാണ് കെഎസ്‌യു മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഡിജിപിക്ക് പരാതി നൽകിയത്.
പോലീസ് കംപ്ളെയിന്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ഇന്നലെ എംജി സർവകലാശാലയിൽ നടന്ന സമരത്തിനിടെയാണ് സുബിൻ മാത്യുവിനെ എസ്‌ഐ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്. ജാഥയായെത്തിയ കെഎസ്‌യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് ബ്ളോക്കിന് സമീപത്തെത്തി അടച്ചിട്ട ഗ്രില്ല് തുറക്കാൻ ശ്രമം നടത്തിയിരുന്നു.
പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കുന്നതിനിടെ എസ്‌ഐ തെറി വിളിക്കുകയായിരുന്നു. ബലം പ്രയോഗിച്ചു സുബിൻ മാത്യുവിന്റെ ഷർട്ട് കീറുകയും, പോലീസ് ബസിൽ കയറ്റുകയും ചെയ്‌തു. എന്നാൽ, പിന്നാലെയെത്തി തെറിവിളി തുടർന്ന എസ്‌ഐയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഗാന്ധിനഗർ എസ്‌എച്ച്‌ഒ കെ ഷിജി ഇടപെട്ട് എസ്‌ഐയെ സമീപത്തെ സെക്യൂരിറ്റി റൂമിലേക്ക് മാറ്റി. ഇവിടെ നിന്നും എസ്‌ഐ രോഷാകുലനായി പ്രവർത്തകർക്ക് നേരെ അസഭ്യം പറഞ്ഞു.
പ്രതിഷേധത്തിൽ സുബിൻ ഉൾപ്പടെ പത്ത് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എസ്ഐയുടെ തെറിവിളി സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ഉദ്യോഗസ്‌ഥനെതിരെ വിമർശനം ഉയരുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് സുബിൻ പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, സർവീസിലുള്ള പരിചയക്കുറവാണ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നത്.
Most Read: വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്