ന്യൂഡെൽഹി: കർഷക സമരം നടന്ന സമയത്ത് ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്രം. ജാക്ക് ഡോർസിയുടെ വാദം സമ്പൂർണ നുണയെന്ന് കേന്ദ വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഡോർസിയും സംഘവും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ ഡോർസിക്ക് പ്രശ്‌നം ഉണ്ടായിരുന്നുവെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കർഷക സമരം നടന്ന കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉണ്ടാകാവുന്ന തരത്തിൽ ട്വിറ്ററിലൂടെ വാർത്തകൾ പ്രചരിച്ചു. അപ്പോഴാണ് സർക്കാർ ഇടപെട്ടത്. ഇടപെടാൻ സർക്കാരിന് അവകാശമുണ്ട്. ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി വെളിപ്പെടുത്തിയത്. കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് സമ്മർദ്ദം ഉണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്‌തില്ലെങ്കിൽ ട്വിറ്റർ ഇന്ത്യ പൂട്ടിക്കുമെന്ന് മോദി സർക്കാർ ഭീഷണിപ്പെടുത്തിയതായും ഡോർസി വെളിപ്പെടുത്തി. ജീവനക്കാരുടെ വീടുകൾ റെയ്‌ഡ് ചെയ്യുമെന്ന് സർക്കാർ വെല്ലുവിളിച്ചു. സർക്കാരിന്റെ വിമർശിച്ച മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്യാനും സമ്മർദ്ദം ഉണ്ടായെന്ന് ഡോർസി തുറന്നു പറഞ്ഞു. ഇന്ത്യക്ക് പുറമെ നൈജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.
Most Read: ബിപോർജോയ്; കനത്ത ജാഗ്രതയിൽ ഗുജറാത്ത്- ട്രെയിനുകൾ റദ്ദാക്കി