ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ അറിയിച്ചു. ദുർഘട വനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്. 11 മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ 4, 9, 13 വയസുള്ള സഹോദരങ്ങളെയാണ് കണ്ടെത്തിയത്.
തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടുകളിൽ വെച്ച് കഴിഞ്ഞ മാസം ഒന്നിനാണ് തകർന്നു വീണത്. കുട്ടികൾ അടക്കം ഏഴ് പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാർ. കുട്ടികളുടെ അമ്മ മദ്ഗലീന മക്കറ്റൈയുടെയും ഒരു പൈലറ്റിന്റേയും ഒരു ബന്ധുവിന്റേയും മൃതദേഹം വിമാന അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു.
എന്നാൽ, വിമാനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായില്ല. അതേസമയം, കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകൾ രക്ഷാപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ഷെഡും കുട്ടികളുടെ കെയർ ക്ളിപ്പും ഫീഡിങ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ കുട്ടികൾ ജീവനോടെ ഉണ്ടെന്ന് രക്ഷാസേന സ്‌ഥിരീകരിക്കുക ആയിരുന്നു.
കൊളംബിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറിലേറെ കൊളംബിയൻ സ്‌പെഷ്യൽ ഫോഴ്‌സും 70 പ്രാദേശിക സേനയും ഉൾപ്പെട്ട സംഘമാണ് ആമസോൺ കാട് അരിച്ചുപെറുക്കി കുട്ടികളെ കണ്ടെത്തിയത്. അതേസമയം, കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്‌ധ സംഘം അറിയിച്ചു. ഉടൻ തന്നെ കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ കുട്ടികളെ സന്ദർശിക്കും.
Most Read: 71ആം വയസിൽ ബിരുദം നേടി ആർതർ റോസ്; പൂർത്തിയാക്കിയത് 54 വർഷം കൊണ്ട്