കൊച്ചി: കടവന്ത്രയില്‍ കുടുംബശ്രീ ശുചീകരണ തൊഴിലാളിയായ യുവതി ആത്‌മഹത്യക്ക് ശ്രമിച്ചു. ഗാന്ധിനഗര്‍ ഉദയനഗര്‍ കോളനിയില്‍ മുത്തുമാരിയാണ് (34) വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പലിശക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവതിയുടെ ആത്‌മഹത്യാ കുറിപ്പിൽ പറയുന്നു. യുവതിയെ അതീവ ഗുരുതരാവസ്‌ഥയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുധയെന്ന യുവതിയില്‍ നിന്നും പലിശ ഇനത്തില്‍ രണ്ട് ലക്ഷം രൂപ മുത്തുമാരി വാങ്ങിയിരുന്നു. ഇതില്‍ പലിശക്ക് പുറമെ മുതലായി ഒരു ലക്ഷം രൂപ മടക്കി നല്‍കി. രണ്ടാഴ്‌ച മുന്‍പ് സുധ ബാക്കി ഒരു ലക്ഷം രൂപ കൂടി മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുപതിനായിരം രൂപ മാത്രമേ തിരികെ നല്‍കാന്‍ മുത്തുമാരിയുടെ കൈയില്‍ ഉണ്ടായിരുന്നുള്ളു. ഉടന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുത്തുമാരിയുടെ കൈയില്‍ കൂടുതല്‍ പണമുണ്ടായില്ല.
ഈ സമയം സുധ തന്റെ മാല ഊരി നല്‍കിയ ശേഷം അത് പണയം വച്ച് ആ തുക മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. മാല ഒരാഴ്‌ചക്ക് ശേഷം എടുപ്പിച്ച് നല്‍കിയാല്‍ മതിയെന്നും സുധ പറഞ്ഞു. ഇതിനായി 20,000 രൂപ പലിശ അധികം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഒരാഴ്‌ച കഴിഞ്ഞിട്ടും മാല എടുത്തു നല്‍കാന്‍ മുത്തുമാരിക്ക് കഴിഞ്ഞില്ല. ഇതോടെ ഒരാഴ്‌ച കൂടി സാവകാശം ചോദിക്കാന്‍ സുധയുടെ വീട്ടിലെത്തിയെങ്കിലും മുത്തുമാരിയെ അകത്തെ മുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്ന് മുത്തുമാരിയുടെ സഹോദരി പറയുന്നു.
ഇത് ചോദ്യം ചെയ്‌ത പത്താം ക്‌ളാസ് വിദ്യാർഥിയായ മകനെ അസഭ്യം പറയുകയും മാല മോഷ്‌ടിച്ചെന്ന പേരില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് ഇന്ന് പണം മടക്കി നല്‍കണമെന്നായിരുന്നു സുധ പറഞ്ഞിരുന്നത്. എന്നാല്‍, രാവിലെ സുധ ബന്ധപ്പെട്ടെങ്കിലും പണം ശരിയായിട്ടില്ലെന്ന മുത്തുമാരി മറുപടി നല്‍കി. ഇതോടെ സുധ മുത്തുമാരിയുടെ വീട്ടിലേക്കെത്തുകയും ബഹളം വെക്കുകയുമായിരുന്നു. അവര്‍ വരുന്നതറിഞ്ഞ് അപമാനം സാഹിക്കാനാവതെ മുത്തുമാരി വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച ശേഷം വീടിന് പുറത്തേക്കിറങ്ങി വന്ന മുത്തുമാരി തന്നെയാണ് വിഷം കഴിച്ചിട്ടുണ്ടെന്ന വിവരം സുധയോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പറഞ്ഞ് ഇവര്‍ മുത്തുമാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞുവെന്നും സഹോദരി പറഞ്ഞു.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി








































