കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർഥിനി ചൈതന്യയുടെ ആത്‍മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിച്ചാർജിൽ പരിക്കേറ്റു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്‌തമാക്കി. പ്രശ്‌നം ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് ഡിവൈഎസ്‌പി വിദ്യാർഥികളെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്.
ഹോസ്‌റ്റൽ മുറിയിൽ ആത്‍മഹത്യയ്‌ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്‌ച രാത്രി പത്തരയോടെ സഹപാഠികളാണ് ചൈതന്യയെ തൂങ്ങിയ നിലയിൽ കണ്ടത്. നിലവിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വെന്റിലേറ്ററിൽ കഴിയുന്ന ചൈതന്യക്ക് 50 ശതമാനം മസ്‌തിഷ്‌ക മരണം സംഭവിച്ചെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണമില്ല.
ഹോസ്‌റ്റൽ വാർഡനുമായുള്ള തർക്കമാണ് ആത്‍മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് മറ്റു വിദ്യാർഥികളുടെ ആരോപണം. മാനസികമായി വാർഡൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. വാർഡനെ പുറത്താക്കണമെന്ന ആവശ്യവുമായി മൻസൂർ ആശുപത്രിക്ക് മുമ്പിൽ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മാനേജ്‌മെന്റിനോട് പറഞ്ഞിരുന്നുവെങ്കിലും വാർഡനെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത് എന്നാണ് വിദ്യാർഥികൾ പറയുന്നത്. അച്ചടക്ക നടപടി ഉണ്ടാകുമെന്ന ഭീഷണി മാനേജ്‌മെന്റിൽ നിന്ന് ഉണ്ടായതായും ഇവർ പറയുന്നു. ഭക്ഷണവും താമസവും ഉൾപ്പടെ അടിസ്‌ഥാന ആവശ്യങ്ങളിൽ വീഴ്‌ച ഉണ്ടായത് ചോദ്യം ചെയ്‌തതാണ് വിദ്യാർഥികളും വാർഡനും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമായതെന്നാണ് വിവരം.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’