കോഴിക്കോട്: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഒന്നര മാസത്തെ കൂടിയാലോചനകളുടെ ഫലമായാണ് ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതെന്ന് ചന്ദ്രശേഖരൻ വ്യക്‌തമാക്കി.
ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പ്രതികരിക്കുന്നത് പറയുന്നത് ശരിയല്ല. കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു. പരസ്യ പ്രതികരണത്തിനെതിരെ പാർട്ടി സ്വീകരിച്ച നടപടികളയേും ആർ ചന്ദ്രശേഖരൻ അനുകൂലിച്ചു. അതേസമയം, ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു.
താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്‌റ്റ് അല്ല. എല്ലാവരെയും തൃപ്‌തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ ആകില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്‌റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്‌ഥാനത്ത് എന്തിനാണെന്നും വിഡി സതീശൻ ചോദിച്ചു. ഡിസിസി പുന:സംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വിഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.
Read also: ‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ







































