കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ. കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കൊരമ്പത്ത് ഹൗസിൽ കെപി നൗഷാദിനെയാണ് (47) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നൗഷാദിനെ അറസ്റ്റ് ചെയ്തത്.
സഫ്രീന എന്ന സ്ത്രീയുടെ പരാതിയിലാണ് നൗഷാദിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പുറമെ ഏഴോളം പരാതികളും ഇയാൾക്കെതിരെ പൊലീസിന് ലഭിച്ചിരുന്നു. ആവശ്യപ്പെടുന്ന സമയത്ത് ഈടുകൂടാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും വാങ്ങി അമ്പതോളം പേരെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. ജ്വല്ലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരാണെന്ന് പരിചയപെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്.
ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷപിച്ചവരുണ്ട്. ഒരു ലക്ഷത്തിന് പ്രതിമാസം 3,000 മുതൽ 6,000 രൂപവരെ പലിശ വാഗ്ദാനം ചെയ്യും. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും വാഗ്ദാനം ചെയ്യും. ഇങ്ങനെയാണ് ഇയാൾ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിന് ഇരയായത്.
Most Read: മുല്ലപ്പെരിയാർ; വൈകിട്ട് ഉന്നതതല യോഗം, തമിഴ്നാട് പ്രതിനിധികളും പങ്കെടുക്കും









































