ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് വരുന്ന സാഹചര്യത്തിൽ, നിലവിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുമെന്ന് വ്യക്‌തമാക്കി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഈ യോഗത്തിൽ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കേരളം. നിലവിൽ തമിഴ്‌നാട് കൂടുതൽ ജലം ഡാമിൽ നിന്നും കൊണ്ടുപോകുന്നുണ്ട്.
കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നും, കാലാവസ്‌ഥാ മാറ്റം ഉൾപ്പടെ ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്നതിനാൽ അതീവ ജാഗ്രതയിലാണ് നിലവിൽ ഇടുക്കി ജില്ലാ ഭരണകൂടം.
കൂടാതെ സ്‌പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. 3,220ഓളം പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി മാറ്റി പാർപ്പിക്കാനാണ് തീരുമാനം. സ്‌പിൽവേ തുറക്കുന്നതോടെ മൂന്ന് താലൂക്കുകളിലായി ആകെ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
Read also: പെഗാസസ് അന്വേഷണം; സുപ്രീം കോടതി വിധി നാളെ അറിയാം