ന്യൂഡെൽഹി: വിവാദമായ പാൻഡോറ രേഖകളിൽ ഐപിഎൽ ടീമുകളായ രാജസ്‌ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്. ഇരു ടീമുകളിലേക്കും വിദേശ പണം ഒഴുകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഐപിഎൽ സ്‌ഥാപകനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട കമ്പനികൾ ഈ ടീമുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്
പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്‌ഥർ എന്നിവരും അംഗങ്ങളാകും.
വിവിധ രാജ്യങ്ങളിലെ നേതാക്കൾ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ തുടങ്ങിയവർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പാൻഡോറ രേഖകളിലൂടെ പുറത്തുവന്നത്. അന്വേഷണാത്‌മക മാദ്ധ്യമ പ്രവർത്തകരുടെ അന്താരാഷ്‌ട്ര കൂട്ടായ്‌മയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇന്ത്യക്കാരായ മൂന്നൂറിൽ അധികം പേരുടെ വിവരങ്ങൾ പേപ്പറിൽ ഉണ്ടെന്നാണ് റിപ്പോർട്. ഇന്ത്യയിൽ നിന്നും സച്ചിൻ തെണ്ടുൽക്കർ, അനിൽ അംബാനി, തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി, വിനോദ് അദാനി അടക്കമുള്ളവരാണ് പട്ടികയിലുള്ളത്.
Read also: അസം അതിക്രമം നിയമപരമായി നേരിടും; അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ







































