കോഴിക്കോട്: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്‌ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ സംസ്‌ഥാനത്ത് നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്‌ഥിതി അന്വേഷിക്കണമെന്നാണ് നിർദ്ദേശം. കരിപ്പൂർ- ഷാർജ വിമാന സർവീസും റദ്ദാക്കി. ഷാർജയിലേക്ക് രാത്രി 12.35നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് റദ്ദാക്കിയത്.
ഇസ്രയേൽ- ഇറാൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്‌ഥാൻ വ്യോമപാതയിൽ നേരത്തെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നത്.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം