വാഷിങ്ടൻ: ഇറാന്റെ കപ്പലുകൾ ആക്രമിച്ച് യുഎസ്. കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തതായാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് തകർത്ത കപ്പലുകളുടെ എണ്ണവും കപ്പലുകളുടെ ദൃശ്യങ്ങളും അമേരിക്കൻ സൈന്യം പുറത്തുവിട്ടത്. അതിനിടെ, ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം ഉണ്ടായി. ഇസ്‌ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണം ഉണ്ടായതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ അഭിപ്രായപ്പെട്ടു.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഓഫീസ് കെട്ടിടത്തിന് കേടുപാടുകളുണ്ടായി. ഇറാനുമായുള്ള യുദ്ധത്തിൽ ഇതുവരെ 150 യുഎസ് സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു. പരിക്കേറ്റവരുടെ കണക്കുകൾ ആദ്യമായാണ് പുറത്തുവരുന്നത്. എട്ടുപേർക്ക് പരിക്കേറ്റെന്നാണ് പെന്റഗൺ ഇതുവരെ പറഞ്ഞിരുന്നത്.
ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് നിർണായക വിജയത്തിന്റെ വക്കിലാണെന്നും ഇറാന്റെ സൈനികശേഷി ദുർബലപ്പെടുത്തുന്നതിൽ യുഎസ് സൈനികർ വിജയിച്ചുവെന്നും ട്രംപ് നിശ്‌ചയിച്ച ലക്ഷ്യങ്ങൾ ഉടനെ പൂർത്തിയാകുമെന്നും പെന്റഗണിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹെഗ്‌സെത്ത് പറഞ്ഞു.
അതേസമയം, സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനുമായി ആശയവിനിമയം നടത്തി ഇന്ത്യ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു.
ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇറാനുമായി വിവിധ രാഷ്‌ട്രങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. തുർക്കി പ്രസിഡണ്ടും വിദേശകാര്യ മന്ത്രിയും സംസാരിച്ചു. ചർച്ചകളിലേക്ക് മടങ്ങണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































