ടെഹ്‌റാൻ: ഹോർമുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ മണ്ണിനെ എതിർക്കുന്നവർക്ക് പ്രവേശനമില്ലെന്നും പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു . ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതൽ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പെസെഷ്‌കിയാന്റെ മറുപടി. ”ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുമാറ്റുമെന്ന മിഥ്യാധാരണ, ചരിത്രം രചിക്കുന്ന ഒരു രാജ്യത്തിന്റെ ഇച്‌ഛാശക്‌തിയോടുള്ള നിരാശയാണ്. ഭീഷണിയും ഭീകരതയും ഞങ്ങളുടെ ഐക്യം ശക്‌തിപ്പെടുത്തുകയേ ഉള്ളൂ. ഞങ്ങളുടെ മണ്ണിനെ എതിർക്കുന്നവർക്ക് ഒഴികെ മറ്റെല്ലാവർക്കും ഹോർമുസിൽ പ്രവേശനമുണ്ട്. യുദ്ധക്കളത്തിൽ നേരിടുന്ന ഭ്രാന്തമായ ഭീഷണികളെയെല്ലാം ഞങ്ങൾ ശക്‌തമായി നേരിടും”- പെസെഷ്‌കിയാൻ പറഞ്ഞു.
പശ്‌ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാൻ മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പുതിയ പോസ്‌റ്റ് പങ്കുവെച്ചിരുന്നു. ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്‌തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാർട്ടിയാണ്. ഇക്കാര്യത്തിലുള്ള നിങ്ങളുടെ ശ്രദ്ധയ്‌ക്ക് നന്ദി- ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
Most Read| ‘സഹയാത്രികരെ ചേർത്തുപിടിക്കുന്നില്ല’; മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ








































