ടെഹ്‌റാൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണാക്രമണം. തീപിടിത്തം ഉണ്ടായെങ്കിലും ആളപായമില്ലെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അടിയന്തിര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്‌നിശമന സേനാംഗങ്ങൾ സ്‌ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായും അതോറിറ്റി വ്യക്‌തമാക്കി.
കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്‌റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
യുഎസുമായുള്ള ചർച്ച ഇറാൻ സർക്കാർ തള്ളിയെങ്കിലും നയതന്ത്ര തലത്തിൽ കാര്യമായ നീക്കങ്ങൾ നടക്കുന്നുവെന്നാണ് സൂചനകൾ. യുഎസുമായി ചർച്ച നടന്നെന്ന പ്രചാരണം എണ്ണ, ഓഹരി വിപണികളെ സ്വാധീനിക്കാനുള്ള വ്യാജ വർത്തയാന്നെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മ്ദ് ബാഖിർ ഖാലിബാഹ് പ്രതികരിച്ചത്. യുഎസുമായുള്ള ചർച്ചകളിൽ ഇറാന്റെ പ്രതിനിധി ഖാലിബാഹാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പശ്‌ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും മരുമകൻ ജറീദ് കഷ്‌നറും ഞായറാഴ്‌ച വൈകീട്ട് വരെ ഇറാന്റെ ഉന്നത ഉദ്യോഗസ്‌ഥനുമായി ചർച്ച നടത്തിയെന്നും തിങ്കളാഴ്‌ച രാവിലെയും ചർച്ച തുടർന്നുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. നേരിട്ടുള്ള ചർച്ചയല്ല നടന്നതെന്നും ഈജിപ്‌തും തുർക്കിയും മധ്യസ്‌ഥരായി നിന്ന് സന്ദേശങ്ങൾ കൈമാറുകയാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്‌ചത്തെ ചർച്ചകളുടെ തുടർച്ചയായി യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസും ഇറാൻ സംഘവുമായി ഈയാഴ്‌ച ഇസ്‌ലാമാബാദിൽ ചർച്ച നടത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി പാക്ക് സായുധസേനാ മേധാവി അസിം മുനീറിനെ ട്രംപ് ഞായറാഴ്‌ച ഫോണിൽ വിളിച്ചിരുന്നു. യുഎസ്- ഇറാൻ ചർച്ചയ്‌ക്ക് വേദിയൊരുക്കാൻ തയ്യാറായാണെന്ന് ഇന്നലെ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പറഞ്ഞിരുന്നു.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി





































