ടെഹ്റാൻ: ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായി റിപ്പോർട്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ് ദ്വീപ്. തങ്ങളുടെ കരസേനയെ ദ്വീപിൽ വിന്യസിക്കുന്നതിനെ കുറിച്ച് യുഎസ് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
ദ്വീപിൽ മേൽക്കൈ നേടുന്നതിലൂടെ എണ്ണ ഉൽപ്പാദനത്തിലൂടെ ഇറാൻ നേടുന്ന സാമ്പത്തിക വരുമാനം കുറയ്‌ക്കാനും നിലവിലെ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎസിന്റെ 82ആം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരെ പശ്‌ചിമേഷ്യയിലേക്ക് വിന്യസിക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
മൂവായിരത്തിനും നാലായിരത്തിലും ഇടയിൽ സൈനികരെ അയക്കാൻ പെന്റഗൺ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഇതുകൂടാതെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ യുഎസ് സൈന്യം നടത്തിയതായും റിപ്പോർട്ടുണ്ട്. ഇറാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്ക് പടിഞ്ഞാറുമായാണ് ദ്വീപ് സ്‌ഥിതി ചെയ്യുന്നത്.
ഇറാന്റെ കിരീടരത്‌നം എന്നാണ് ദ്വീപിനെ വിശേഷിപ്പിക്കാറ്. എട്ടുകിലോമീറ്റർ നീളവും 4-5 കലോമീറ്റർ വീതിയുമുണ്ട് ദ്വീപിന്. 800 ആളുകളാണ് ദ്വീപിൽ താമസിക്കുന്നത്. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴമുള്ള കടൽത്തീരമാണ് പ്രത്യേകതകളിലൊന്ന്. അതേസമയം, ഇറാൻ അമേരിക്കയ്‌ക്ക് ‘വിലയേറിയ സമ്മാനം’ സമ്മാനിച്ചുവെന്നും അത് ഹോർമുസുമായി ബന്ധപ്പെട്ടതാണെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതൽ പ്രത്യക്ഷത്തിൽ അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കുമായും ക്രൂഡ് ഓയിലും പ്രകൃതിവാതകവുമായും അഭേദ്യമായ ബന്ധമുള്ളതാണ് സമ്മാനമെന്നും ട്രംപ് വെളിപ്പെടുത്തി. അതേസമയം, എന്താണതെന്ന് പറയാൻ ട്രംപ് തയ്യാറായില്ല. അതേസമയം, ഹോർമുസിലൂടെ ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് കടന്നു പോകാമെന്ന ഇറാന്റെ പ്രഖ്യാപനമാണിതെന്നാണ് വിലയിരുത്തൽ.
യുഎസുമായുള്ള ചർച്ച ഇറാൻ സർക്കാർ തള്ളിയെങ്കിലും നയതന്ത്ര തലത്തിൽ കാര്യമായ നീക്കങ്ങൾ നടക്കുന്നുവെന്നാണ് സൂചനകൾ. യുഎസുമായി ചർച്ച നടന്നെന്ന പ്രചാരണം എണ്ണ, ഓഹരി വിപണികളെ സ്വാധീനിക്കാനുള്ള വ്യാജ വാർത്തയാന്നെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഹ് പ്രതികരിച്ചത്. യുഎസുമായുള്ള ചർച്ചകളിൽ ഇറാന്റെ പ്രതിനിധി ഖാലിബാഹാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പശ്‌ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും മരുമകൻ ജറീദ് കഷ്‌നറും ഞായറാഴ്‌ച വൈകീട്ട് വരെ ഇറാന്റെ ഉന്നത ഉദ്യോഗസ്‌ഥനുമായി ചർച്ച നടത്തിയെന്നും തിങ്കളാഴ്‌ച രാവിലെയും ചർച്ച തുടർന്നുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. നേരിട്ടുള്ള ചർച്ചയല്ല നടന്നതെന്നും ഈജിപ്‌തും തുർക്കിയും മധ്യസ്‌ഥരായി നിന്ന് സന്ദേശങ്ങൾ കൈമാറുകയാണ് ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്‌ചത്തെ ചർച്ചകളുടെ തുടർച്ചയായി യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസും ഇറാൻ സംഘവുമായി ഈയാഴ്‌ച ഇസ്‌ലാമാബാദിൽ ചർച്ച നടത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി പാക്ക് സായുധസേനാ മേധാവി അസിം മുനീറിനെ ട്രംപ് ഞായറാഴ്‌ച ഫോണിൽ വിളിച്ചിരുന്നു. യുഎസ്- ഇറാൻ ചർച്ചയ്‌ക്ക് വേദിയൊരുക്കാൻ തയ്യാറാണെന്ന് ഇന്നലെ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പറഞ്ഞിരുന്നു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































