ടെഹ്റാൻ: ഇന്ത്യ അടക്കമുള്ള സുഹൃദ്രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇറാൻ എക്സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന്റെ സുഹൃദ്രാജ്യങ്ങൾക്ക് ഹോർമുസിൽ കൂടി കടന്നുപോകാമെന്ന് അറിയിച്ചിരിക്കുന്നത്.
ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവെച്ച 15-ഇന പദ്ധതി ഇറാൻ സർക്കാർ ബുധനാഴ്ച തള്ളിക്കളഞ്ഞിരുന്നു.
അതിനിടെ, ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചരക്കുനീക്കത്തിന് പുതിയ കര, കടൽ വ്യാപാരപാത തുറന്നിരിക്കുകയാണ് സൗദിയും യുഎഇയും. സൗദിയിലെ ദമാമിൽ നിന്ന് തുടങ്ങി യുഎഇയിലെ ഷാർജയിൽ ഖോർഫക്കാനിൽ അവസാനിക്കുന്നതാണ് പുതിയ പാത. ദമാമിൽ നിന്ന് ഗൾഫ് ഉൾക്കടലിലൂടെ ഖോർഫക്കാൻ തുറമുഖത്ത് എത്തും. തുറമുഖത്തിന് സമീപം സജായിലുള്ള ഡ്രൈ പോർട്ടും ചരക്കുനീക്കത്തിന് ഉപയോഗിക്കും.
കരമാർഗമുള്ള വ്യാപാരപാത ഖോർഫക്കാനിൽ നിന്ന് അബുദാബി വഴി സൗദിയിലെ ദമാമിലെത്തും. തുറമുഖങ്ങളും ലോജിസ്റ്റിക് ഹബ്ബുകളും പരസ്പരം ബന്ധപ്പെടുത്തുന്നതാണ് ബദൽ വഴി. ഇന്ത്യ, ഓസ്ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ ഹോർമുസ് ഒഴിവാക്കി ഖോർഫക്കാനിൽ നിന്ന് ഇന്ത്യൻ സമുദ്രത്തിൽ പ്രവേശിക്കാനാകും. യൂറോപ്യൻ മേഖലയിലേക്കുള്ള ചരക്കുനീക്കം സൗദിയിൽ നിന്ന് സാധ്യമാകും.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി







































