ന്യൂഡെൽഹി: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടാക്കിയതായി റിപ്പോർട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നും ഇല്ലെങ്കിലും അത് നിറയ്‌ക്കാനുള്ള കുപ്പികളുടെ നിർമാണ ചിലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.
എൽപിജി വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയതിന് പുറമെ കുടിവെള്ളവും മുട്ടുമോ എന്ന ആധിയിലാണ് ഇന്ത്യ. 46,150 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകൾ ദുഷ്‌കരമായതോടെ വെള്ളം നിറയ്‌ക്കുന്ന കുപ്പി, അടപ്പ്, കമ്പനിയുടെ പേരുവിവരങ്ങൾ അടങ്ങിയ ലേബൽ, പാക്കിങ് വസ്‌തുക്കൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് തിരിച്ചടി നേരിടുന്നത്.
പ്‌ളാസ്‌റ്റിക് വസ്‌തുക്കളുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്‌തു പോളിമറിന്റെ വിലയാണ് വർധിച്ചത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ പോളിമറിന്റെ വില 12% ഉയർന്നു. സിന്തറ്റിക്ക് പോളിമറായ പോളിത്തീനിൽ നിന്നാണ് കുപ്പികൾ നിർമിക്കുന്നത്. നിലവിൽ ഒരു ചെറിയ കുപ്പി നിർമിക്കാനുള്ള ചിലവ് 1.45 രൂപയായാണ് ഉയർന്നത്.
അതിനിടെ പോളിമർ ഒരു കിലോഗ്രാമിന്റെ വില 18ൽ നിന്നും 32 ആയി ഉയർന്നു. കുപ്പിയുടെ അടപ്പുകൾ, ലേബലുകൾ എന്നിവ നിർമിക്കാനുള്ള സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. വേനൽക്കാലമായതോടെ ഇന്ത്യയിൽ കുപ്പിവെള്ളത്തിനുള്ള ആവശ്യകതയും ഉയരും. നിലവിൽ 20 രൂപയാണ് കുപ്പിവെള്ളത്തിന്റെ വില.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ








































