കോഴിക്കോട്: ജില്ലയിൽ ദേശീയപാതയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായുള്ള ആരോപണത്തെ തുടർന്ന് കരാറുകാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപയോളം തിരിച്ചു പിടിക്കുമെന്നു വനം വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ചു തുടരന്വേഷണം വേണമെന്നും ശുപാർശ ചെയ്തു. വനം മന്ത്രി എകെ ശശീന്ദ്രൻ നേരിട്ട് ഉത്തരവിട്ട അന്വേഷണത്തിന്റെ റിപ്പോർട്ടാണ് വിജിലൻസ് സംഘം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ചത്.
വെങ്ങളം-രാമനാട്ടുകര ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 2500 ഓളം മരങ്ങൾ വെട്ടിമാറ്റിയതിന് പകരമായി പത്തിരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 1.61 കോടി രൂപ ദേശീയപാതാ അതോറിറ്റി വനവൽക്കരണത്തിനായി വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൈമാറിയിരുന്നു. ജില്ലയിൽ അഞ്ചിടത്തായി വെച്ചുപിടിപ്പിച്ച 26,000 ത്തോളം ചെടികൾ ഭൂരിഭാഗവും കരിഞ്ഞുണങ്ങിയ നിലയിലാണ്.
പ്രവൃത്തികൾക്കായി നിശ്ചയിച്ച തുകയിലും കൂടിയ നിരക്കിൽ എസ്റ്റിമേറ്റുകൾ പാസാക്കി വൻ കൊള്ളയാണ് നടന്നത്. ചെടികൾക്ക് ചുവട്ടിലിടുന്ന ചാണകത്തിന് മാത്രം മാർക്കറ്റ് വിലയേക്കാൾ പത്തിരട്ടി കൂട്ടിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇത് പിഴവാണെന്ന് കണ്ടെത്തിയാണ് അടിയന്തിരമായി തിരിച്ചുപിടിക്കാൻ നിർദ്ദേശം. മറ്റു കണക്കുകൾ വിശദപരിശോധനക്ക് വിധേയമാകുമെന്ന് വനം വിജിലൻസ് ഉന്നതർ പറഞ്ഞു.
Most Read: ബിഎസ്പി ദേശീയ പാര്‍ട്ടി, ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി







































