കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോര്പ്പറേഷന് മുന്‍ ജീവനക്കാരന് പിസികെ രാജന്, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട് ദിവസമാണ് കസ്റ്റഡി കാലാവധി.
അനധികൃതമായി കെട്ടിടനമ്പര്‍ അനുവദിച്ച മറ്റ് കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ഇവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണസംഘം. നിലവില്‍ ഒരു കേസില്‍ മാത്രമാണ് ഇവരെ പ്രതിചേർത്തത്. കോര്പ്പറേഷന് ഓഫിസിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോകണമെന്നുമാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കെട്ടിട ഉടമയായ മൂന്നാം പ്രതിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറ് പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.
കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പ്പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥർ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ, കെട്ടിട ക്രമക്കേടിൽ ഇടനിലക്കാരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഏജന്റിന് നല്ലൊരു തുക കമ്മീഷൻ നൽകിയാണ് ക്രമവിരുദ്ധമായി കെട്ടിടാനുമതി നേടിയതെന്ന് ഉടമ വെളിപ്പെടുത്തി. കോഴിക്കോട് മിഠായി തെരുവിലെ ഒരു കടമുറിയാണ് കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ വഴിവിട്ട് അനുമതി നേടിയതെന്ന് കണ്ടെത്തിയ ഒന്ന്.
പുതുക്കിപ്പണിത കടമുറികൾക്ക് വേഗത്തിൽ നമ്പർ കിട്ടാനാണ് ശ്രമിച്ചതെന്നും ഒരു ഇടനിലക്കാരൻ വഴിയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കടയുടമ പറയുന്നു. ഏജന്റ് ആരെന്ന് വ്യക്തമാക്കാനോ, ഇയാൾക്ക് കൊടുത്ത തുക കൃത്യമായി പറയാനോ ഉടമ തയ്യാറായിട്ടില്ല.
Most Read: സംസ്ഥാനത്ത് കെഎസ്ആർടിസി വർക്ക്ഷോപ്പുകളുടെ എണ്ണം കുറയ്ക്കും; ഗതാഗതമന്ത്രി







































