പനാജി: ഐഎസ്എല്‍ ഫുട്ബോളില്‍ തുടര്‍ജയം കൊതിച്ച് കേരള ബ്ളാസ്‌റ്റേഴ്‌സ് കളത്തിൽ ഇറങ്ങുന്നു. ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്‌ഥാനക്കാരായ ഈസ്‌റ്റ് ബംഗാളുമായാണ് മൽസരം. അവസാന മൽസരത്തില്‍ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഒഡിഷ എഫ്‌സിയെ വീഴ്‌ത്തിയിരുന്നു. എന്നാൽ ഈസ്‌റ്റ് ബംഗാള്‍ ആവട്ടെ സീസണില്‍ ഒരു ജയംപോലും നേടിയിട്ടില്ല. വൈകീട്ട് 7.30നാണ് മൽസരം ആരംഭിക്കുക.
സ്‌റ്റാർ സ്ട്രൈക്കർ അൽവാരോ വാസ്‌കസ് ഫോമിലേക്ക് ഉയർന്നത് ബ്ളാസ്‌റ്റേഴ്‌സിന് ഏറെ ആശ്വാസമാണ് കഴിഞ്ഞ കളിയിൽ നൽകിയത്. കൂട്ടിന് മധ്യനിരയിലെ പ്ളേമേക്കർ അഡ്രിയാൻ ലൂണ കൂടി ചേരുമ്പോൾ ഏത് ടീമും ഭയക്കും. മലയാളി താരം സഹൽ, പ്രശാന്ത് എന്നിവരും ഫോമിലാണ്. പ്രതിരോധ നിരയിൽ സിപോവിക്, ലെസ്‌കോവിക് സഖ്യം എന്തിനും തയ്യാറായി നിൽപ്പാണ്. ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ പരിക്കേറ്റ് പുറത്തായത് മാത്രമാണ് ടീമിനെ അലട്ടുന്നത്.
മറുഭാഗത്ത് ഈസ്‌റ്റ് ബംഗാൾ ആവട്ടെ മുൻ സീസൺ പോലെ തന്നെ തോൽവിയോടെ തന്നെയാണ് ഇക്കുറിയും ടൂർണമെന്റ് തുടങ്ങിയത്. പ്രതിഭാധനരായ വിദേശ താരങ്ങൾ ഉണ്ടായിട്ടും മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമാണ് ടീമിനെ പിന്നോട്ട് വലിക്കുന്നത്. ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ, ജാക്കിചന്ദ് സിംഗ് തുടങ്ങിയവർ പഴയ ഫോമിലല്ല ഇപ്പോഴുള്ളത്. ഇന്നും പരാജയപ്പെട്ടാൽ ടീമിന് അത് വലിയ തിരിച്ചടിയാവും.
Read Also: ‘ഉടുമ്പ്’ റേറ്റിങ്ങിൽ കുതിക്കുന്നു; ചിത്രം പ്രേക്ഷക പ്രതീക്ഷക്കും മുകളിൽ