ടെൽ അവീവ്: ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈമാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ബന്ദികളെ മോചിപ്പിക്കാനാകുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും അറിയിച്ചു.
ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ട്രംപിന്റെ മിഡിൽ ഈസ്‌റ്റ് പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും മരുമകൻ ജറീദ് കഷ്‌നറും ഇസ്രയേലിൽ എത്തിയിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇരുവരും നെതന്യാഹുവിനൊപ്പം മാദ്ധ്യമങ്ങളെ കാണുകയും ചെയ്‌തു.
സമാധാന കരാറിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസയുടെ ചില ഭാഗങ്ങളിൽ നിന്ന് പിൻമാറും. ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതി ലഭിക്കും. ഇരുപക്ഷവും തമ്മിലുള്ള കരാർ ഒപ്പിടുന്നതിന് സാക്ഷിയാകാൻ ട്രംപും ഈജിപ്‌തിലേക്ക് എത്തിയേക്കും.
ഗാസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്‌ട്ര സേനയ്‌ക്ക് അമേരിക്ക നേതൃത്വം നൽകും. ഈജിപ്‌ത്, ഖത്തർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും സൈനിക സന്നാഹത്തിൽ ഉൾപ്പെടും. കരാർ ഉടമ്പടിയുടെ ലംഘനമുണ്ടായാൽ സേന ഈജിപ്‌തും ഖത്തറും വഴി ഇസ്രയേലിനെയും ഹമാസിനെയും അറിയിക്കും.
അതേസമയം, ഗാസയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം എന്നീ വിഷയങ്ങളിൽ ഇനിയും തീരുമാനമാകേണ്ടതുണ്ട്. ഇതിനിടയിൽ ഗാസയിൽ നിന്നും പിൻമാറാൻ അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്രയേലിന് മുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന പൊതുപ്രസ്‌താവനയുമായി ഹമാസ് രംഗത്തെത്തിയിരുന്നു.
Most Read| ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി